അമല ഫോണിന് അരികിലിരുന്നു ഓരോന്നാലോചിക്കുകയായിരുന്നു..അവള്‍ക്കറിയാം ഓഫീസില്‍ ചെന്നിരുന്നയുടന്‍ വിനീത് വിളിക്കുമെന്ന്...വിനീതിന് എപ്പോഴും സംശയമാണ്..അല്ലല്ല...!!..അങ്ങനെ മോശപ്പെട്ട രീതിയിലുള്ള സംശയരോഗമോന്നുമല്ല...!..ചെറിയ ചെറിയ സംശയങ്ങള്‍..പക്ഷെ, ചെറിയ ചെറിയ ഒരുപാട് സംശയങ്ങള്‍...ചിലപ്പോള്‍ ഒരേ സംശയം പലപ്രാവശ്യം..എത്ര പ്രാവശ്യം മറുപടി കിട്ടിയാലും തൃപ്തിയില്ല...വീണ്ടും സംശയം...ഇന്നെന്തായിരിക്കും?...ഇത്രയുമായപ്പോഴേക്കും ഫോണ്‍ ബെല്ലടിച്ചു..ഒരൊറ്റ റിങ്ങില്‍ അമല ഫോണ്‍ എടുത്തു...'അമല, നീ ആ കുളിമുറിയില്‍ ഒന്ന് പോയി നോക്കു..ഞാന്‍ ഹീറ്റര്‍ ഓഫാക്കിയില്ലേ എന്നൊരു സംശയം!..'...അതെ, സംശയം..ഇതെനിക്ക് അറിയാവുന്നത് കൊണ്ടാണല്ലോ ഞാന്‍ ഫോണിന് അരികില്‍ തന്നെ ഇരുന്നത്..അവള്‍ മനസിലോര്‍ത്തു..ശരി വിനീത്..ഞാന്‍ നോക്കിയേക്കാം...'..കൂടുതല്‍ ഒന്നും പറയാന്‍ നില്‍ക്കാതെ അവള്‍ ഫോണ്‍ വച്ചു..കുളിമുറിയില്‍ പോയി നോക്കി..ഹീറ്റര്‍ ഓഫ് ചെയ്തിട്ടുണ്ട്..സോപ്പുപെട്ടി അടച്ചു വച്ചിട്ടുണ്ട്, ബക്കറ്റു ഉപയോഗിച്ചശേഷം കമഴ്ത്തി വച്ചിട്ടുണ്ട്..എന്തിന്, ക്ലോസറ്റ് വരെ അടച്ചു വച്ചിരിക്കുന്നു...!..വിനീത് ഉപയോഗിച്ചശേഷം എന്ത് നോക്കിയാലും ഇതുപോലെ ആയിരിക്കും..എല്ലാം കണക്കുകൂട്ടലുകള്‍ പോലെ കിറുകൃത്യം..അതങ്ങനെ ഒരു സ്വഭാവമാണ്..ഒടുവിലെന്നിട്ടും സംശയം ബാക്കിയാവും..!
ആദ്യമൊക്കെ അവള്‍ക്കു ദേഷ്യം തോന്നുമായിരുന്നു..ഇതെന്തൊരു സ്വഭാവമാണ്?!...പലപ്പോഴും വഴക്കുണ്ടാക്കിയിട്ടുണ്ട്..അപ്പോഴൊക്കെ 'ഇല്ല, ഇനി മുതല്‍ സംശയിക്കില്ല..എന്തിന് സംശയിക്കണം?...എല്ലാം എനിക്ക് പിന്നാലെ നോക്കാന്‍ എന്‍റെ ഭാര്യയുണ്ടല്ലോ..!'..എന്നെല്ലാം വലിയ വാചകമൊക്കെ അടിക്കും..പക്ഷെ, പിറ്റേന്നും രാവിലെ കൃത്യം 10 .05 നു ഫോണ്‍ ശബ്ദിക്കും..'അമല, ഞാന്‍ പാന്റ് കഴുകാനിട്ടപ്പോള്‍ അതിന്‍റെ പോക്കറ്റില്‍കിടന്ന കാശും മറ്റു പേപ്പറുകളും ഒക്കെ എടുത്തു വച്ചില്ലെന്ന് തോന്നുന്നു'..അല്ലെങ്കില്‍, 'അമല,കാര്‍ കഴുകിയിട്ട് രാവിലെ പുറത്തെ ടാപ്പ് അടച്ചില്ലേന്നൊരു സംശയം..'..അങ്ങനെ എന്തെങ്കിലും..! പിന്നീട് അവള്‍ക്കതൊരു പതിവായി..ചിലപ്പോളൊക്കെ അവള്‍ക്കൊരു മടുപ്പ് തോന്നാറുണ്ട്, എന്നും സംശയങ്ങള്‍..സംശയങ്ങള്‍ ഒഴിയാത്ത ഒരു മനസ്സ്..
ഫോണ്‍ വീണ്ടും ശബ്ദിച്ചു..അമല എനിക്കറിയാമായിരുന്നു എന്ന ഭാവത്തോടുകൂടി ചെന്ന് ഫോണ്‍ എടുത്തു..'നോക്കിയോ?..നീ മറന്നു പോയേക്കുമോ എന്നോര്‍ത്താണ് പിന്നെയും വിളിച്ചത്.....ഓഫ് ചെയ്തിരുന്നോ?'..അവള്‍ക്കു ചിലപ്പോള്‍ ചിരിയാണ് വരിക..'ഓഫ് ചെയ്തിരുന്നു..ബക്കറ്റു കമഴ്ത്തി വച്ചിരിന്നു, സോപ്പുപെട്ടി അടച്ചിരുന്നു,..ക്ലോസറ്റ് അടച്ചിരുന്നു..ബാത്രൂം മുറുക്കി അടച്ചിരുന്നു..ഇനിയെന്തെങ്കിലും സംശയമുണ്ടോ?..'...അവള്‍ ഒരു ചിരിയോടു കൂടി ഫോണ്‍ കട്ട് ചെയ്തു..അവളോര്‍ത്തു..സത്യത്തില്‍ ഇടയ്ക്കിടെ വിനീത് ഇങ്ങനെ വിളിക്കുന്നത് അവള്‍ക്കിഷ്ടമാണ്..ചിലപ്പോള്‍ സംശയങ്ങള്‍ തന്നെ വലയ്ക്കാരുന്ടെങ്കിലും, അവള്‍ക്ക് അപ്പോള്‍ അയാളോട് ഒരുതരം വാത്സല്യം തോന്നിപ്പോകും..!
* * *
അപ്പുറത്ത് ഫോണ്‍ കട്ടായ ശബ്ദം കേട്ട് വിനീത് അസ്വസ്ഥനായി..അമലക്ക് ദേഷ്യം വന്നു കാണുമോ?...ഇനി സംശയങ്ങള്‍ ഉണ്ടാവില്ലെന്ന് പലപ്രാവശ്യം പ്രതിജ്ഞ ചെയ്തിട്ടുള്ളതാണ്!..അതിനു വേണ്ടിയാണ് ഓരോ കാര്യവും ചെയ്യുമ്പോള്‍ രണ്ടും മൂന്നും പ്രാവശ്യം ഉറപ്പുവരുത്തി ചെയ്യുന്നത്...എങ്കിലും താനറിയാതെ സംശയിച്ചു പോകും..അമലയെ തന്‍റെ സംശയങ്ങള്‍ വല്ലാതെ ചൊടിപ്പിക്കാറുണ്ട്..പണ്ടൊക്കെ പിണങ്ങുമായിരുന്നെങ്കിലും ഈയിടെയായി അവള്‍ ഒന്നും പറയാറില്ല,..എങ്കിലും തനിക്കറിയാം അവള്‍ക്ക് മടുപ്പ് തോന്നാറുണ്ട് എന്ന്..പലപ്പോഴും തനിക്കു തന്നോടുതന്നെ മടുപ്പുതോന്നാറുണ്ട്..ചിലപ്പോളെല്ലാം അസ്ഥാനത്താണ് സംശയങ്ങള്‍ കയറിവരിക..കഴിഞ്ഞയാഴ്ച ഒരു രാത്രി ഞങ്ങള്‍ രണ്ടാള്‍ക്കും പ്രേമം കലശലായിരിക്കെയാണ് തനിക്കു പെട്ടെന്നൊരു സംശയം തോന്നിയത്..'അലമാര പൂട്ടിയ താക്കോല്‍ മേശക്കുള്ളില്‍ തന്നെയാണോ വച്ചത്, അതോ?...' ..ആദ്യം അതിനെ അവഗണിച്ചു..പിന്നെ സംശയം കലശലായി..ഒന്ന് നോക്കിയേ പറ്റൂ..ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ വല്ലാത്ത നാണക്കേട്..!..പോയി താക്കോല്‍ മേശക്കുള്ളിലുന്ടെന്നു ഉറപ്പുവരുത്തിയ ശേഷം തിരിച്ചെത്തിയപ്പോഴേക്കും അമല ഉറക്കമായിക്കഴിഞ്ഞിരുന്നു..അതോ, ഉറക്കം അഭിനയിക്കുകയായിരുന്നോ?..ഏതായാലും താന്‍ ഉണര്‍ത്തിയില്ല..മുഖത്തുനോക്കാന്‍ ഒരു മടി തോന്നി!..
അമല പിണങ്ങിയിരിക്കുമോ?..ദേഷ്യം വന്നതുകൊണ്ടാണോ ഫോണ്‍ വേഗം കട്ട് ചെയ്തത്?...അയാള്‍ക്കൊരെ സംശയം..അയാള്‍ പലതവണ ആലോചിച്ചു..ഒന്ന് വിളിച്ചു നോക്കണോ?..ഒരു ജോലിയിലും ശ്രദ്ധിക്കാനും കഴിയുന്നില്ല..ഒന്ന് വിളിച്ചു നോക്കിയേക്കാം..അയാള്‍ ഫോണ്‍ എടുത്തു കറക്കി..അമല ഫോണെടുത്തു..'ഇനിയും എന്താ വിനീത്?!...'...ആ എന്തായുടെ ഈണത്തില്‍ നിന്നുതന്നെ അയാള്‍ക്ക് മനസിലായി അവള്‍ക്ക് പിണക്കം ഒന്നുമില്ലെന്ന്..ശബ്ദം കേള്‍ക്കാന്‍ വിളിച്ചതാണെന്നും, സ്നേഹം തോന്നുന്നുവെന്നും എല്ലാം പറഞ്ഞു സുഖിപ്പിച്ച് അയാള്‍ ഫോണ്‍ വച്ചു..എന്തൊരാശ്വാസം!!...അതങ്ങനെയാണ്..ഓരോ സംശയം തീരുമ്പോഴും അയാള്‍ക്ക് വലിയ ആശ്വാസം തോന്നും..അടുത്ത സംശയം തുടങ്ങും വരെ..അയാള്‍ വീണ്ടും ചിന്തയില്‍ മുഴുകി..ഇതൊരു വല്ലാത്ത സ്വഭാവം തന്നെയാണ്..ഇത്രയധികം സംശയങ്ങള്‍ ശാസ്ത്രജ്ഞന്മാര്‍ക്ക് പോലും ഉണ്ടാവില്ല!...ഇന്ന്, ഈ നിമിഷം മുതല്‍ ഞാനൊരു പുതിയ മനുഷ്യനായിരിക്കും..ഇനി സംശയങ്ങളുണ്ടാവില്ല..ഇത് സത്യം, സത്യം, സത്യം...!!!
* * *
അമല അത്ഭുതപ്പെട്ടു!..മണി അഞ്ചര ആയിരിക്കുന്നു..വിനീത് തിരിച്ചു എത്താറായി ..രാവിലെയ്ക്ക് ശേഷം ഇന്ന് വിളിച്ചിട്ടേയില്ല..സംശയങ്ങള്‍ക്കും ദാരിദ്ര്യമോ?...അവള്‍ കളിയായോര്‍ത്തു...ഓര്‍ത്തു തീരും മുന്‍പേ വിനീത് എത്തി..അന്ന് മുഴുവന്‍ വിനീത് സന്തോഷവാനായി കാണപ്പെട്ടു...എങ്കിലും അമലക്ക് തോന്നി വിനീത് സംശയങ്ങള്‍ക്ക് പിടികൊടുക്കാതെ കടിച്ചുപിടിച്ച് നില്‍ക്കുകയാണെന്ന്..കാര്യം അവള്‍ക്ക് പെട്ടെന്നുതന്നെ പിടികിട്ടി..ഇന്ന് സത്യപ്രതിജയുടെ ദിവസമാണ്..!
പിറ്റേന്ന് രാവിലെ വരെയും വിനീത് സംശയങ്ങളൊന്നും പുറത്തു പറഞ്ഞില്ല...മനസ്സില്‍ പൊന്തിവന്ന സംശയങ്ങള്‍ക്കൊന്നും ഉത്തരം തേടിയതുമില്ല..കുറെയേറെ ബുദ്ധിമുട്ടിയെങ്കിലും അയാള്‍ക്കൊരു ആത്മവിശ്വാസമൊക്കെ തോന്നുന്നുണ്ടായിരുന്നു!..സംശയങ്ങളോട് പയറ്റുന്നതിലായിരുന്നു അയാളുടെ ശ്രദ്ധ മുഴുവന്‍...അതിനിടെ അയാള്‍ ഇറങ്ങും മുന്‍പ് അമലയോട് യാത്രചോദിക്കാന്‍ വരെ മറന്നു...പക്ഷെ, വാതില്‍ക്കലെത്തിയപ്പോള്‍ അയാള്‍ അറിയാതെതന്നെ തിരികെ നടന്നുപോയി..കുളിമുറിയുടെ വാതില്‍ അടച്ചില്ലേന്നൊരു ചെറിയ സംശയം..ചെന്ന് നോക്കിയപ്പോള്‍ ശരിയാണ്!..അടച്ചിട്ടുണ്ട്...പക്ഷെ, സാക്ഷയിട്ടിട്ടില്ല..!...അയാള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി...ആദ്യമായി താന്‍ ശരിയായി സംശയിച്ചു!...അതില്‍ മതിമറന്നു സാക്ഷ ചേര്‍ത്ത് പൂട്ടി വേഗത്തില്‍ ഇറങ്ങിപ്പോയി..
ഓഫീസില്‍ ചെല്ലും വരെ അയാള്‍ക്ക് പലവിധത്തിലുള്ള സംശയങ്ങള്‍ തോന്നിക്കൊണ്ടെയിരുന്നു...'അലമാര പൂട്ടിയോ', 'നനഞ്ഞ ടവല്‍ വിരിചിട്ടോ?'.., 'തേപ്പുപെട്ടി ഓഫ് ചെയ്തോ?..'..അങ്ങനെ ഒരു നൂറു സംശയങ്ങള്‍!..ഇല്ല,..താനിന്നു സംശയമൊന്നും ചോദിക്കില്ല..അയാള്‍ വീണ്ടും വീണ്ടും മനസ്സില്‍ ഉറപ്പിച്ചു...
പക്ഷെ, പതിനൊന്നുമണി ആയപ്പോഴേക്കും അയാള്‍ക്ക് ഇരിപ്പ് ഉറയ്ക്കാതെയായി...ഒരു സംശയം കലശലായി...കുളിമുറിയിലെ ടാപ്പ് താനടച്ചില്ലെന്നൊരു തോന്നല്‍...രണ്ടാമത് സാക്ഷയിടാന്‍ ചെന്നപ്പോള്‍ വെള്ളമൊഴുകുന്ന ശബ്ദം കേട്ടില്ലേ?..ടാപ്പടച്ചില്ലെന്നു തന്നെയാണ് തോന്നുന്നത്..ഒരുപാട് പ്രാവശ്യം അയാള്‍ സ്വയം വിലക്കി നോക്കി...ജോലിയില്‍ ശ്രദ്ധിക്കാന്‍ ശ്രമിച്ചു..ഇല്ല, കഴിയുന്നില്ല...ഒന്ന് വിളിച്ചുചോദിച്ചേ മതിയാവൂ..ഈയൊരു ഒറ്റ പ്രാവശ്യംകൂടി മാത്രം...അങ്ങനെ അയാള്‍ തോല്‍വി സമ്മതിച്ചു..ഒരു ദീര്‍ഘനിശ്വാസത്തോട് കൂടി ഫോണ്‍ എടുത്തു കറക്കി..ഫോണ്‍ എത്രയടിച്ചിട്ടും എടുക്കുന്നില്ല..സാധാരണ രണ്ടു ബെല്ലിനകം അമല ഫോണ്‍ എടുക്കാറുള്ളതാണ്..അയാള്‍ വീണ്ടും വീണ്ടും വിളിച്ചു..ഫോണ്‍ എടുക്കുന്നില്ല..അയാള്‍ക്ക് ഉറപ്പായി..അയാള്‍ ടാപ്പടച്ചിരുന്നില്ല...അവള്‍ പുറകിലെ മുറ്റത്ത് തുണി അലക്കിക്കൊണ്ടിരുന്ന നേരം കൊണ്ട് വെള്ളം കുളിമുറിയില്‍നിന്നും പുറത്തേക്കും അവിടുന്ന് എല്ലാ മുറികളിലേക്കും പടര്‍ന്നിട്ടുണ്ടാവണം...സ്വീകരണമുറിയിലെ കാശ്മീരി കാര്‍പെട്ട് അടക്കം എല്ലാറ്റിലും വെള്ളം കയറിയിട്ടുണ്ടാവും..അമല പാവം അതെല്ലാം വൃത്തിയാക്കുന്ന ജോലിയിലായിരിക്കും..ഫോണ്‍ എടുക്കാത്തതിന് കാരണം അത് തന്നെയാണെന്ന് അയാള്‍ ഉറപ്പിച്ചു..അന്തമില്ലാതെ അയാള്‍ ചിന്തിച്ചുകൂട്ടി തുടങ്ങി..അയാള്‍ക്ക് അത്രയും നേരം സംശയങ്ങളെ അവഗണിക്കേണ്ടിയിരുന്നില്ലെന്നു തോന്നി..അമല വല്ലാതെ കഷ്ടപ്പെടുകയായിരിക്കും...അയാള്‍ വീണ്ടും ഫോണ്‍ വിളിച്ചുനോക്കി..എടുക്കുന്നില്ല..നടന്നത് അങ്ങനെത്തന്നെ എന്നുറപ്പിച്ചു അയാള്‍ പകുതി ദിവസം ലീവ് എഴുതിക്കൊടുത്തു വീട്ടിലേക്കു തിരിച്ചു...ച്ചെ...വല്ലാത്ത കഷ്ടമായി...സാക്ഷയിടാന്‍ തിരിച്ചു പോയ സമയത്ത് ടാപ്പ് കൂടെ അടക്കാമായിരുന്നു..അല്ല!..താനെന്തുകൊണ്ട് അതുകൂടി നോക്കിയില്ല?!...അതെങ്ങനെ?!..സംശയങ്ങളെ തോല്‍പ്പിക്കാനുള്ള തിടുക്കമായിരുന്നില്ലേ?....ഓരോരോ പ്രതിജ്ഞകള്‍!..ഇനി പ്രതിജ്ഞയുമില്ല ഒന്നുമില്ല...രണ്ടാമതൊന്നു ഉറപ്പു വരുത്തുന്നതില്‍ എന്താണ് തെറ്റ്?...ഇങ്ങനെഎല്ലാം ആലോചിച്ചു അയാള്‍ വീടെത്തി...വീട് തുറന്നു കിടക്കുന്നു...ഇല്ല,..നിലത്തൊന്നും വെള്ളമൊന്നുമില്ല..കാര്‍പെട്ടിനും ഒന്നും തന്നെ സംഭവിച്ചിട്ടില്ല...വീട് തുറന്നിട്ടിട്ട് അമല ഇതെവിടെ?...ഒരു ശ്രദ്ധയുമില്ല...ഏതായാലും ഇത്രയുമായി ഇനി ടാപ്പ് ഒന്ന് നോക്കുന്നതില്‍ തെറ്റൊന്നും ഇല്ല..തെല്ലൊരു ചമ്മലോടെ ഓര്‍ത്തു അയാള്‍ കുളിമുറിയിലേക്ക് നടന്നു...അകത്തുനിന്നു വെള്ളത്തിന്റെ ശബ്ദമോന്നുമില്ല...തനിക്കു വെറുതെ തോന്നിയതാണ്..പക്ഷെ,..വേറെന്തോ ഒരു ശബ്ദം..ഇനി ഹീറ്റര്‍ ചൂടായി പൊട്ടിതെറിക്കുകയോ മറ്റോ??!...അയാള്‍ പെട്ടെന്ന് സാക്ഷ തൊറന്നു നോക്കി...
കരഞ്ഞു കലങ്ങി ചുവന്ന രണ്ടുകണ്ണുകള്‍ അതിനുള്ളില്‍ നിന്ന് അയാളെ നോക്കി..കുളിമുറിയുടെ നിലത്തു തളര്‍ന്നു കുന്തിച്ചിരിക്കുകയായിരുന്നു അമല!!
***
