Wednesday, February 24, 2010

ഒരു പ്രണയിനിയുടെ വിലാപം (2003)

ഞാനൊരു പ്രണയിനി...സ്നേഹിക്കപ്പെടുന്നവള്‍..പ്രണയിക്കപ്പെടുന്നവള്‍..

എന്നിട്ടും എന്തുകൊണ്ടോ മിക്കപ്പോഴും എനിക്ക് വീര്‍പ്പുമുട്ടുന്നു... പക്ഷെ, എനിക്ക് ചുറ്റുമുള്ളവര്‍ പറയുന്നു..."അവന്‍ നിന്നെ സ്നേഹിച്ചു വീര്‍പ്പുമുട്ടിക്കുന്നു..നീ ഭാഗ്യവതി !"..ഞാനും വിശ്വസിച്ചു..അതെ ഞാന്‍ ഭാഗ്യവതി!..ഈ വീര്‍പ്പുമുട്ടല്‍ എന്‍റെ ഭാഗ്യമാണ്..!

എന്‍റെ കണ്ണുകള്‍ എനിക്ക് ചുറ്റുമുള്ള ലോകത്തെ കാണുന്നത് അവന്‍ വിലക്കി..സ്നേഹത്തിനു പകരമായി അവന്‍ എന്‍റെ കാഴ്ച മുഴുവനായി വാങ്ങി..അപ്പോള്‍ അവര്‍ പറഞ്ഞു.."നീ ഭാഗ്യവതി!..അവന്‍ നിനക്ക് കാണാന്‍ വേണ്ടി മാത്രം അവന്റേതായ ലോകം സൃഷ്ടിക്കുന്നു...!".. ഞാന്‍ അപ്പോഴും വിശ്വസിച്ചു..അതെ, ഞാന്‍ ഭാഗ്യവതി!..അവനെനിക്ക് നവലോകങ്ങള്‍ സമ്മാനിക്കുന്നു..!

ഞാന്‍ പോലുമറിയാതെ അവന്‍ എന്‍റെ ചിറകുകള്‍ അരിഞ്ഞു നീക്കി.. ഞാന്‍ വിതുമ്പി..അവര്‍ അപ്പോഴും പറഞ്ഞു.."നീ ഭാഗ്യവതി!..അവന്‍റെ ചിറകുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്കൊരുമിച്ചു പറക്കാമല്ലോ..!" ..അതെ, ഞാനും കരുതി..ഞങ്ങള്‍ എപ്പോഴും ഒരുമിച്ചാണല്ലോ..!

എന്‍റെ കാതുകള്‍ക്ക് അന്യ ശബ്ദങ്ങള്‍ അവന്‍ നിഷേധിച്ചു..എന്‍റെ കേള്‍വി അവന്‍റെ സ്വരത്തില്‍ മാത്രമൊതുങ്ങി..അവര്‍ എന്തുപറഞ്ഞു എന്നെനിക്കറിയില്ല..കാരണം എനിക്ക് കേട്ടുകൂടാ..അവരുടെ ശബ്ദം എനിക്കിന്നന്യമാണ്..പക്ഷെ അപ്പോഴും ഞാന്‍ ആശ്വസിച്ചു..എനിക്ക് കര്‍ണ്ണമധുരമായ ഈ ശബ്ദമുണ്ടല്ലോ..ഞാന്‍ ഭാഗ്യവതി..!

ഇന്നെനിക്കു സ്വരമില്ല..കാരണം എനിക്ക് അവനോടല്ലാതെ സംസാരിച്ചു കൂടാ..അവനോടു സ്വരം ഉയര്‍ത്തിയും കൂടാ..പക്ഷെ ഞാന്‍ ആശ്വസിച്ചു..സ്നേഹത്തിന്‍റെ അധികാരമല്ലേ അവന്‍ ഈ കാട്ടുന്നത് ?!...ഞാന്‍ ഭാഗ്യവതി!

പക്ഷെ...പക്ഷെ..ഇപ്പോളെനിക്ക് ശ്വാസം മുട്ടുന്നു..ഈ വീര്‍പ്പുമുട്ടല്‍ ദുസ്സഹമായിതീര്‍ന്നിരിക്കുന്നു..എന്‍റെ ശ്വാസം..എന്‍റെ ഇന്ദ്രിയങ്ങള്‍ എനിക്ക് തിരിച്ചു നല്‍കൂ..ഈ സ്നേഹം മടക്കി എടുത്തേക്കു..പകരം എനിക്കെന്‍റെ ചിറകുകള്‍ തിരിച്ചു തരൂ..ഞാന്‍ സ്വതന്ത്രമായൊന്നു പറന്നോട്ടെ..ഞാന്‍ ദീര്‍ഘമായൊന്നു ശ്വസിച്ചോട്ടെ ..ഞാനെന്‍റെ ലോകമൊന്നു കണ്ടോട്ടെ..എന്‍റെ പ്രിയപ്പെട്ടവരുടെ വിളിയൊന്നു കേട്ടോട്ടെ.......

3 comments: