Thursday, September 23, 2010

കിട്ട(പട്ട)ചരിതം

അറ്റം പൊട്ടിയ വട്ടിക്കുള്ളില്‍
അട്ടയെ വാറ്റിയ പട്ട...
പീറത്തുണിയുടെ തൊട്ടിലിന്നുള്ളില്‍
വിരലുകുടിക്കും കുട്ടി...
അട്ടപ്പട്ടയും തട്ടിത്തറയില്‍
'ട്ട'ആകൃതിയില്‍ കിട്ടന്‍..
പച്ചപ്പട്ടിണി മോന്തി തന്നുടെ
മുണ്ടുമുറുക്കിക്കെട്ടി
കിട്ടന്‍ കെട്ടിയ പെണ്ണോ താഴെ
വട്ടിയില്‍ നോക്കിയിരുന്നു..
കത്തുംവയറില്‍ തൊട്ടൂ പിന്നെ
കൈനീട്ടിയെടുത്തൂ കുപ്പി
പട്ടയതെങ്കില്‍ പട്ട, ഒഴിച്ചാല്‍
കിട്ടുമൊരല്പം ശാന്തി..
കിട്ടിയതുടനെ അപ്പടി മോന്തി
വയറുനിറച്ചു കിട്ടപത്നി...
അമ്മ കുടിപ്പതു കണ്ടൂ കുട്ടി
മറന്ന വിശപ്പുമുണര്‍ന്നു  ഞെട്ടി
വിശക്കുംനേരം തൊട്ടിലതാട്ടിയാല്‍
കിട്ടുവതെങ്ങനെ കുട്ടന് ശാന്തി?..
പട്ടയടിച്ചൊരു മാതൃഹൃദയം
എട്ടായ്പൊട്ടീ രോദനമേറ്റ്,
പട്ടക്കുപ്പിചോട്ടിലോരല്‍പം
ഒട്ടിയിരുപ്പതു കൊട്ടിയെടുത്തു...
അമ്മകൊടുത്തോരമൃതം ചൊടിയില്‍
നൊട്ടിനുണഞ്ഞു കുട്ടികിടന്നൂ..
കരച്ചില്‍ നിന്നൂ കുട്ടിക്കവിളില്‍
പൊട്ടിച്ചിരിയുടെ വട്ടമുണര്‍ന്നു..
കുട്ടിചിരിപ്പതു കണ്ടിട്ടുടനെ
അമ്മചിരിച്ചൂ മനസ്സുനിറഞ്ഞൂ..
പട്ടതലക്കുപിടിച്ചിട്ടങ്ങനെ
പൊട്ടിച്ചിരിയായ്  കിട്ടകുടുംബം..
 പൊട്ടിച്ചിരിയുടെ അലകള്‍ കേട്ടു
 ഞെട്ടിയുണര്‍ന്നു കിട്ടനുമപ്പോള്‍
ചിരിയുടെ വട്ടം കണ്ടിട്ടവനും
സന്തോഷം മുളപൊട്ടിപ്പോയി..
പൊട്ടിവരുന്നൊരുസന്തോഷത്തെ 
ആഘോഷിപ്പാന്‍ കിട്ടന് തോന്നി
ചാടിയെണീറ്റിട്ടോടിയിറങ്ങി
അട്ടപ്പട്ടയെത്തേടിയിറങ്ങി..
മിച്ചമിരിപ്പതു തുട്ടുകളെല്ലാം
കൂട്ടിയെറിഞ്ഞു പട്ട വിഴുങ്ങി..
പട്ടിണിയും പരിവട്ടം തെരിയാ
കിട്ടന്‍ വീണ്ടും'ട്ട'ആകൃതിയായ്...

1 comment:

  1. kollam, bhavana ennum koode undayirickette ennu ashamsikkunnu.... patta adichillelum pattalam koode undallo!!!!!

    ReplyDelete